മാധവ് ഗാട്ഗിൽ റിപ്പോർട്ടിനെ പേടിക്കേണ്ടതാര്?

ഇത്തവണ നാട്ടിൽ വന്നപ്പോൾ കേട്ട ഏറ്റവും വലിയ സാമൂഹിക വിഷയം പശ്ചിമഘട്ട സംരക്ഷണവും അതിനായി ഗവണ്മെന്റ് നിയമിച്ച രണ്ട് വിദഗ്‌ദ്ധ സമിതികളും അവയുടെ നിര്‍ദ്ദേശങ്ങൾക്കെതിരെ നടക്കുന്ന പ്രക്ഷോപങ്ങളും ആയിരുന്നു. ഈ പ്രക്ഷൊപങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ, സാമൂഹിക സംഘടനകൾ അതിനായി നിരത്തിയ വാദങ്ങൾ പത്രത്തിൽ വായിച്ചപ്പോൾ ഒരു കാര്യം എനിക്ക് വ്യക്തമായി – ഒന്നുകിൽ ഇവരാരും ഗാട്ഗിൽ സമിതിയുടെ റിപ്പോർട്ട്‌ ശരിയായി വായിച്ചിട്ടില്ല, അല്ലെങ്കിൽ മറ്റെന്തിങ്കിലും സ്ഥാപിത താല്പര്യം മുന്നിൽ കണ്ടുകൊണ്ടാണ് ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. രണ്ടായാലും നാം സാധാരണക്കാരെ തെറ്റിധരിപ്പിക്കുന്നതിൽ അവർ ഇതുവരെ വിജയിച്ചിരിക്കുന്നു എന്നുവേണം കരുതാൻ. അല്ലെങ്കിൽ ഇത്തരം അബദ്ധ-പ്രക്ഷോപങ്ങൾക്ക് കൂട്ടുനില്ക്കാൻ ഹൈറേഞ്ചിലെ ജനങ്ങൾ പ്രേരിതരാവില്ലായിരുന്നു.

മേൽ പറഞ്ഞ റിപ്പോർട്ടുകളിൽ എനിക്ക് പരിചിതമായത് പ്രൊഫ.മാധവ് ഗാട്ഗിലിന്റെ നേതൃത്തത്തിലുള്ള സമിതി 2011-ൽ സമർപ്പിച്ച റിപ്പോർട്ട്‌ ആണ്.രണ്ടാമത്തെ റിപ്പോർട്ട്‌ – കസ്തൂരിരംഗൻ കമ്മറ്റി റിപ്പോർട്ട്‌ – ഞാൻ വായിച്ചിട്ടില്ല, പക്ഷെ മറ്റൊരു കാര്യം ഇവിടെ എടുത്തു പറയേണ്ടതുണ്ട് – മാധവ് ഗാട്ഗിലിനെ പോലുള്ള, സ്ഥാപിത താത്പര്യങ്ങൾക്ക് വഴങ്ങാത്ത,ലോകമറിഞ്ഞ ഒരു പരിസ്ഥിതി വിദഗ്‌ദ്ധനും ഒപ്പം തന്നെ മാനുഷിക മൂല്യങ്ങൾക്ക് വില കല്പ്പിക്കുന്നയാളുമായ ഒരാളുടെ നിര്ദേശങ്ങളെ മറ്റൊരു സമാന്തര കമ്മറ്റി സ്ഥാപിച്ച്‌ തള്ളികളയാൻ ഒരു ഗവണ്മെന്റ് തയ്യാറായെങ്കിൽ ആ ഗവണ്മെന്റിനെ നീക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് പറയേണ്ടി വരും. Dr.കസ്തുരിരങ്കനെ പോലൊരാൾ ഒരിക്കലും ഇതിനു കൂട്ടുനിൽക്കരുതായിരുന്നു).

മാധവ് ഗട്ഗിൽ കമ്മറ്റി റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള, തെറ്റിദ്ധരിക്കപെട്ട (അല്ലെങ്കിൽ ധരിപ്പിക്കപെട്ട) ചില നിർദേശങ്ങളെ ഇവിടെ എടുത്തു കാണിക്കട്ടെ.ഞാൻ ഇതിവിടെ പറയാൻ ഒരു കാരണം, തികച്ചും യാഥാർത്ഥ്യബോധത്തോടെ, പ്രകൃതി സംരക്ഷണവും ജനനന്മയും തുല്യമായി കണക്കിലെടുത്ത ഒരു പഠനത്തെ ദുര്‍വ്യാഖ്യാനം ചെയ്ത്, ജനങ്ങളെ ആശങ്കാകുലരായി ഇളക്കിവിട്ടു രാഷ്ട്രിയമായോ, ധനപരമായോ നേട്ടങ്ങൾ കൊയ്യാനുള്ള ചിലരുടെയെങ്കിലും ലക്ഷ്യങ്ങൽക്കെതിരെ ഒരു ചെറുവിരൽ എങ്കിലും അനക്കേണ്ടത് നാടിൻറെ നന്മ ആഗ്രഹിക്കുന്ന ഏതൊരാളുടെയും കർത്തവ്യമാണെന്നു കരുതിയാണ്.

ഒന്നാമതായി ഈ റിപ്പോർട്ടിലുടനീളം ഊന്നി പറഞ്ഞിട്ടുള്ള ഒരു കാര്യം, പ്രകൃതി സംരക്ഷണത്തെയും നാടിൻറെ വികസനത്തെയും രണ്ടായി കാണാതെ ഉള്ള “Sustainable and inclusive growth”, അതായത് നിലനിൽക്കുന്നതും, എന്നാൽ ജനങ്ങളെകൂടി ഉൾപെടുത്തികൊണ്ടുള്ളതുമായ പുരോഗതി. കുടിയിറക്ക് പോലെയുള്ള മനുഷ്യത്തരഹിത പ്രകൃതി സംരക്ഷണം(“Conservation by exclusion”) ഒരിക്കലും പാടില്ലെന്ന നിലപാടാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഈ റിപ്പോർട്ടിനെ ചോദ്യം ചെയ്യുന്നവർ പ്രചരിപ്പിക്കുന്നതാകട്ടെ ഈ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കിയാൽ നാം എല്ലാവരും കുടിയൊഴിഞ്ഞു പോകേണ്ടി വരുമെന്നും! ഒരു ഉദാഹരണം ഇവിടെ എടുത്തു പറയട്ടെ. കമ്മിറ്റി നിർദേശങ്ങളിൽ ഒന്നാണ് വന്യജീവി-ഇടനാഴികളുടെ(wildlife corridors) സംരക്ഷണം. നിർദേശത്തിൽ തന്നെ വ്യക്തമായി പറയുന്ന ഒന്നാണ് ഇത്തരം മേഖലകളെ തിരിച്ചറിയുക വിഷമംപിടിച്ച ഒരു കാര്യമാണെന്നും അതിനായി കൂടുതൽ വ്യക്തമായ പഠനങ്ങൾ ആവശ്യമാണെന്നും. എന്നാൽ ചിലരെങ്കിലും ഇതിനെ ഒരു കുടിയോഴിപ്പിക്കൽ ഭീഷണിആയി തെറ്റിധരിക്കുകയോ നമ്മെ തെറ്റിധരിപ്പിക്കുയോ ചെയ്യുന്നു.

മറ്റൊരു പ്രധാന വിവാദം പരിസ്ഥിതി-ലോല മേഖല(Ecologically Sensitive Zones) കളുടെ തരം തിരിക്കലും ഓരോ തരം മേഖലക്കും അനുയോജ്യമായ മാർഗനിര്‍ദേശങ്ങളും ആണ്. ഇതിൻറെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുന്പ് ഒരു കാര്യം – ഈ തരംതിരിക്കൽ ഒരു മാർഗനിർദേശം മാത്രമാണെന്നും, ഓരോ സ്ഥലത്തെയും പ്രതേക സാമൂഹിക, പാരിസ്ഥിതിക ഘടകങ്ങളെ മുൻനിറുത്തി മാത്രമേ അന്തിമ തിരുമാനം എടുക്കാവു എന്നും കമ്മറ്റി വളരെ വ്യക്തമായി തുടക്കത്തിൽ തന്നെ പറഞ്ഞിരിക്കുന്നു.

ഇനി ഈ തരംതിരിക്കലും ഉടുമ്പഞ്ചോല താലുക്ക് ഉൾപെട്ട അതി-ലോല മേഖല (ESZ1) ക്കുള്ള ചില നിർദേശങ്ങളും നോക്കാം

1. ജനിതകവ്യതിയാനം വരുത്തിയ ഭക്ഷ്യധാന്യങ്ങളോ, പച്ചകറി-ഫലവൃക്ഷങ്ങളോ വച്ചുപിടിപ്പികാതിരിക്കുക, പ്ലാസ്റ്റിക്‌ കടകളിലും, വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഉപയോഗിക്കാതിരിക്കുക(ESZ1 -ൽ കടകളും വിനോദസഞ്ചാര കേന്ദ്രങ്ങളും ആകാം എന്നും കൂടി ഇതു വ്യക്തമാക്കുന്നു)

2. ഭൂവിനയോഗം – കൃഷിഭൂമിയെ മറ്റ് ആവശ്യങ്ങൾക്കായി – അതായത് വിദ്യാഭ്യാസ, രാഷ്ടിയ, മത ‘കൃഷി’ കൾക്കായി ഉപയോഗിക്കാൻ അനുവദിക്കാതിരിക്കുക. എന്നാൽ ജനസാന്ദ്രത മൂലം നിലവിലുള്ള ഗ്രാമങ്ങളുടെ വിപുലീകരണം ആവശ്യമായി വന്നാൽ ഇതു ചെയ്യാവുന്നതും ആണ്. ഈ മേഖലയിൽ റോഡുകളും മറ്റും നിർമിക്കുമ്പോൾ പ്രതേക പരിസ്ഥിതി അനുമതി ഉണ്ടായിരിക്കുക.

3. കെട്ടിടനിർമാണം – പരിസ്ഥിതിക്കനുയോജ്യമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കുക, സിമെന്റ്, കമ്പി, മണൽ ഇവയുടെ ഉപയോഗം കുറയ്ക്കുക. മഴവെള്ളസംഭരണികളും പാരമ്പര്യേതര ഊർജ്ജ ശ്രോതസുകൾ ഉപയോഗിക്കുക.

4. ജൈവ കൃഷി പ്രോത്സഹിപ്പികുക,രാസ കീടനാശിനികൾ ഉപയോഗിക്കുനത് നിയന്ത്രിക്കുക, പ്രാദേശിക സസ്യജാലങ്ങളെയും മറ്റും കൂടുതലായി വച്ചുപിടിപ്പിക്കുക, യുകാലിപ്ടുസ് പോലുള്ള വിനാശകാരികളായ സസ്യങ്ങളെ നട്ടുവളർത്താതിരിക്കുക

5. ഖനനം -ഈ മേഖലയിൽ ഒരുതരത്തിലും ഉള്ള ഖനനം അനുവദിക്കാതിരിക്കുക.മണൽ , ധാതു ഖനനം ലോകത്തിൻറെ പല ആവസവ്യവസ്തകളെയും തകർത്തു കളഞ്ഞതിന് ചൈനയിലെയും ലറ്റിൻ അമേരിക്കയിലെയും ഒന്നും ഉദാഹരണങ്ങൾ ഭാരതപുഴയുടെയും കുദ്രെമുഖ് മലകളുടെയും നാട്ടിൽ ഉദ്ധരിക്കേണ്ട ആവശ്യമില്ലല്ലോ. ഹൈറേഞ്ചിൽ ഏതുതരത്തിലുള്ള ഖനനവും ഇക്കോ-ടൂറിസത്തിന് അനന്ത സാധ്യതകളുള്ള ഈ മേഖലയുടെ നാശത്തിലേക്ക് നയിക്കും എന്നറിയാൻ സാമാന്യബുദ്ധി മാത്രം മതിയാകും.

6.വിദ്യുച്ഛക്തി – പാരമ്പര്യേതര ഊർജ്ജ സ്രോതസുകളെ പ്രോത്സാഹിപ്പിക്കുക. അടുത്തയിടെ ഫ്രാൻ‌സിൽ ഒരു സഹപ്രവർത്തകന്റെ വീട് സന്ദർശിച്ചപ്പോൾ അറിഞ്ഞകാര്യം, കഴിഞ്ഞ പത്തു വർഷമായി അദ്ദേഹം പണം മുടക്കി വൈദ്യുതി വാങ്ങിയിട്ടില്ലെന്നു മാത്രമല്ല, തൻറെ വീടിൻറെ മുകളിൽ സ്ഥാപിച്ച സൗരൊർജ പാനൽകൾ വഴി വൈദ്യുതി വിതരണ കമ്പനിക്കു വിറ്റ് നല്ല ഒരു വരുമാനവും നേടിയിര്ക്കുന്നു. ഇതൊക്കെ നിസ്സാരമായി ഇവിടേയും നടപ്പിലാക്കാവുന്നതെയുള്ളു, ഒരു വലിയ ജലവൈദ്യുതി പദ്ധതിയുടെ പകുതി തുക സബ്സിഡി ആയി സൗരൊർജ പാനൽ സ്ഥാപിക്കാൻ നൽകിയാൽ മതിയാകും.വേണ്ടത് ഒന്നേയുള്ളൂ -ഇഛാശക്തി.

ഇങ്ങനെ ഈ നാടിനു പ്രകൃതി കനിഞ്ഞു നല്കിയ ജൈവ സമ്പത്തിനെ ലോകത്തിനു മുന്നിൽ തുറന്നുകൊടുക്കാൻ, ആ ആഥിത്യം വഴി നല്ലൊരു സാമ്പത്തിക അടിത്തറ ഈ നാടിനുണ്ടാക്കാൻ, വരും തലമുറകൾക്കും കൂടി അവകാശപെട്ട ഈ അപൂർവ സമ്പത്തിനെ സംരക്ഷിക്കാൻ സമർപ്പിച്ച ഒരു പിടി നല്ല നിര്‍ദ്ദേശങ്ങളെ ദുർവ്യാഖ്യാനം ചെയ്തും ജനങ്ങളെ തെറ്റിധരിപ്പിച്ചും ‘മുന്നേറുന്ന’ രാഷ്ട്രിയ, സാമുദായിക സംഘടനകളോട് ഒന്നുമാത്രം ഇപ്പോൾ പറയാം -ഇരിക്കുന്ന കൊമ്പിന്റെ കടമുറിക്കരുത്.

ഇവിടെ വിരോധാഭാസമായി തോന്നുന്ന മറ്റൊരു കാര്യം – ഇന്ത്യയുടെ പ്രത്യേക സാഹചര്യത്തിൽ ഏതൊരു നിയമവും എങ്ങിനെ പണവും പദവിയും ഉള്ളവർ സാധാരണക്കാരെ ചൂഷണം ചെയ്യാനുള്ള ഉപധികളാക്കും എന്ന ആശങ്ക ഗാട്ഗിൽ കമ്മറ്റി അതിൻറെ റിപ്പോർട്ടിൽ പലയിടത്തും അടിവരയിട്ടു പറഞ്ഞിരിക്കുന്നത് കാണാം. അതേ ആശങ്ക ശരിവയ്ക്കുന്നതാണ് നമ്മുടെ പല രാഷ്ട്രിയ, സാമുദായിക സംഘടനകകൾക്കും ഈ റിപ്പോർട്ടിനോടുള്ള നിലപാടു കാണുമ്പോൾ തോന്നുന്നതും!

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s